വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ, ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള വഴക്കുകളുടെ എണ്ണവും നീളവും കൂടി വരാനുള്ള സാധ്യത കൂടുതലാണ്. ഭാര്യ ഭർത്താക്കന്മാർ രണ്ടുപേരും ഒരു പ്രത്യേക വ്യക്തികളാണ് എന്നതുകൊണ്ട് തന്നെ, ഓരോരുത്തർക്കും ഓരോ വ്യക്തിത്വവും ആഗ്രഹങ്ങളും അഭിപ്രായങ്ങളും ഉണ്ടാകും. ഒരുപാട് കാലം പരസ്പരം ഒരുമിച്ച് ജീവിക്കുക എന്ന ഒരു ബോൺഡ് വിവാഹജീവിതത്തോട് ഉണ്ടാകുന്നത് കൊണ്ട് തന്നെ, പലപ്പോഴും പരസ്പരം ഉള്ള വ്യക്തിത്വങ്ങളെ അംഗീകരിക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള ദാമ്പത്യ അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത്. അതുപോലെതന്നെ ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് അവരുടെ ബാല്യം. അവർ ബാല്യത്തിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളോ അല്ലെങ്കിൽ അവർ ജീവിക്കുന്ന സാഹചര്യങ്ങളും ആണ് തുടർന്നുള്ള ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ.
തുടർച്ചയായി വഴക്കിടുന്ന മാതാപിതാക്കളെ കാണുന്ന ഒരു കുഞ്ഞ് തുടർന്ന് ഉള്ള ജീവിതത്തിൽ, വലുതായാലും വിവാഹ ജീവിതത്തിലേക്ക് കടന്നാലും അവരുടെ മാതാപിതാക്കളുടെ വഴക്കുകളും മറ്റും ജീവിതത്തെ സ്വാധീനിക്കുന്നു. അതുപോലെതന്നെ മറ്റൊരു കാര്യമാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ ഘട്ടങ്ങളുടെയും മാറ്റങ്ങൾ. ഒറ്റയ്ക്ക് ജീവിച്ചിരുന്ന ഒരു വ്യക്തി ഒരു ദിവസം വിവാഹം കഴിക്കുന്നു, അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുന്നു, അവരുടെ ഭാവിയെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ജോലി വ്യത്യാസങ്ങൾ വരുന്നു, അവർ വിവാഹം കഴിഞ്ഞ് മറ്റൊരു ജീവിതത്തിലേക്ക് പോകുന്നു, ഇതെല്ലാം വ്യക്തിയുടെ ജീവിതത്തിന് കൂടുതൽ സ്ട്രെസ്സ് ഉണ്ടാക്കുകയും, ഓരോ കാര്യങ്ങളെയും പോസിറ്റീവായി കാണാനുള്ള ആ വ്യക്തിയുടെ ശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.