രക്ത കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ കാരണങ്ങളും, ഇത് ഒഴിവാക്കാൻ ചെയ്യാവുന്ന പ്രധാന മാർഗ്ഗങ്ങളും

നമുക്കറിയാം പ്രമേഹം വരുമ്പോൾ അത് ബാധിക്കുന്നത് ചെറിയ രക്തക്കുഴലുകളെയും വലിയ രക്ത കുഴലുകളെയും ഒരുപോലെയാണ്. ചെറിയ രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ മൈക്രോ വാസ്കുലർ ഡിസീസ് എന്നും, വലിയ രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ മാക്രോവേസ്കുലർ ഡിസീസ് എന്നും പറയുന്നു. വലിയ രക്തക്കുഴലുകൾക്ക് പ്രശ്നമുണ്ടാകുമ്പോൾ അത് ബാധിക്കുന്നത് മസ്തിഷ്കത്തെയും, ഹൃദയത്തെയും, കാലുകളിലേക്ക് ഉള്ള രക്തചംക്രമണത്തേയും ആണ്. ഈ പ്രശ്നങ്ങളെ പ്രമേഹ നിയന്ത്രണം കൊണ്ട് മാത്രം നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. ഇതിനോടൊപ്പം തന്നെ അനുബന്ധ രോഗങ്ങളുടെ ചികിത്സയും ശ്രദ്ധിക്കേണ്ടതാണ്. അതായത് പ്രമേഹം നിയന്ത്രിക്കുന്നതിനോടൊപ്പം തന്നെ ബ്ലഡ് പ്രഷറും, കൊളസ്ട്രോളും, നിയന്ത്രിക്കേണ്ടതും ജീവിതശൈലിയുള്ള ഒരു ശ്രദ്ധയും ആവശ്യമാണ്.

ഹൈ ബ്ലഡ് പ്രഷറും ഹൈ കൊളസ്ട്രോളും ഇവ രണ്ടും പ്രമേഹത്തിനോട് വളരെയധികം അടുത്തു നിൽക്കുന്ന രണ്ട് ഘടകങ്ങളാണ്. ജീവിതശൈലി രോഗങ്ങൾക്ക് പൊതുവെ ലക്ഷണങ്ങൾ കുറവായതുകൊണ്ട് തന്നെ ഈ ബ്ലഡ് പ്രഷറും കൊളസ്ട്രോളും കൂടുമ്പോൾ ചില സമയങ്ങളിൽ നമ്മൾ അറിയാതെ പോകുന്നത് സാധാരണമാണ്. എങ്കിലും ചിലപ്പോഴൊക്കെ ചെറിയ ലക്ഷണങ്ങളും കാണാറുണ്ട്. എന്നാൽ ഡോക്ടറുടെ അടുത്ത് ചെന്ന് നമുക്ക് പറയാൻ ചില സമയത്ത് കാരണങ്ങളോ ലക്ഷണങ്ങളോ ഒന്നും ഉണ്ടാവുകയില്ല. എന്നാൽ കൂടിയും ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ഈ രോഗങ്ങൾ ശരീരത്തിൽ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യാം. ജീവിതശൈലി രോഗങ്ങൾ ഓരോന്നും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഏതെങ്കിലും ഒരെണ്ണം വന്നു കഴിഞ്ഞാൽ അതിനെ പിന്തുടർന്നു കൊണ്ട് തന്നെ ബാക്കി രോഗങ്ങളും വന്നുചേരാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ ജീവിതശൈലി നിയന്ത്രണവും, ഭക്ഷണവും വ്യായാമവും പ്രത്യേക ശ്രദ്ധയോടുകൂടി ചെയ്യുന്നതും അത്യാവശ്യമാണ്.